കോന്നി: കോന്നിയും പരിസരപ്രദേശങ്ങളും മാരക രാസലഹരികളുടെപിടിയിലമരുന്നു. 13 വയസുള്ള സ്കൂൾ കുട്ടികൾ മുതൽ 35 വയസുവരെയുള്ള യുവാക്കളാണ് ഈ മരണക്കയത്തിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്. നിത്യേനയുള്ള ലഹരി ഉപയോഗം മൂലം തലച്ചോറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്, ജീവിക്കുന്ന ശവങ്ങളെപ്പോലെ (സോമ്പികളെപ്പോലെ) അലഞ്ഞുതിരിയുന്ന അവസ്ഥയിലേക്ക് വലിയ വിഭാഗം യുവാക്കൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് വിവിധ ഏജൻസികളുടെ പഠനങ്ങൾ വ്യക്തമാക്കുന്നു.
മാഫിയക്കെതിരേ പ്രതികരിക്കാനോ പോലീസിൽ വിവരമറിയിക്കാനോ പൊതുജനവും തയാറാകുന്നില്ല. വിവരങ്ങൾ കൈമാറിയാൽ ലഹരിസംഘങ്ങൾ തങ്ങളെയും കുടുംബത്തെയും അക്രമിക്കുമോ എന്ന ഭീതിയിലാണ് പ്രദേശവാസികളേറെയും.
രാജ്യാന്തര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക രാസലഹരികളാണ് സുലഭമായി വിറ്റഴിയുന്നത്. നിലവിലുള്ള നിയമങ്ങളിലെ ലളിതമായ വ്യവസ്ഥകൾ ഇവർക്കു പലപ്പോഴും രക്ഷയാകുന്നു. എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പുകൾ, പെന്തിലിൻ, പാമ്പിൻ വിഷം, ഹെറോയിൻ, ബ്രൗൺ ഷുഗർ, കൊക്കൈൻ മാരക ലഹരിയുള്ള ഗുളികകൾ, കഫ് സിറപ്പുകൾ, മെത്താം ഫെറ്റാമൈൻ തുടങ്ങിയവ കോന്നിയുടെ വിവിധ ഭാഗങ്ങളിൽ സുലഭമാണത്രേ. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് ഇവയുടെ പ്രധാന വിപണനം. ഇതിനായി വിദ്യാർഥികളെത്തന്നെ രഹസ്യ ഏജന്റുമാരാക്കുന്ന തന്ത്രമാണ് മാഫിയ പയറ്റുന്നത്. കേവലം ആൺകുട്ടികൾ മാത്രമല്ല, പെൺകുട്ടികളും ഈലഹരിവലയിൽകുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
എയർഗണ്ണും ക്രിമിനൽ സംഘങ്ങളും
കോന്നിയിൽ കഴിഞ്ഞദിവസം രണ്ടു യുവാക്കൾ എയർഗണ്ണുമായി നടത്തിയ ഭീഷണി പോലീസ് ആദ്യം തമാശയായി എടുത്തെങ്കിലും ഇതിനു പിന്നാന്പുറം തെരഞ്ഞപ്പോഴാണ് വീണ്ടും അറസ്റ്റിലേക്ക് നീങ്ങിയത്. ലഹരി ഉപയോഗമാണ് യുവാക്കളെ എയർ ഗൺ മോഷണത്തിലേക്കും അക്രമത്തിലേക്കും പ്രേരിപ്പിച്ചതെന്ന് പറയുന്നു.
ഐരവണ്ണിൽനിന്ന് ലഹരിമരുന്നുമായി പിടിയിലായ യുവാവിനു പിന്നിൽ പ്രവർത്തിക്കുന്നത് ജില്ലയ്ക്കു പുറത്തേക്കും നീളുന്ന വലിയൊരു അന്തർസംസ്ഥാന ലഹരി ശൃംഖലയാണ്. പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കാൻ ലഹരിസംഘങ്ങൾ പുതിയ വഴികളാണ് തേടുന്നത്.
ടൗണുകളിലെയും ഗ്രാമങ്ങളിലെയും പെട്ടിക്കടകൾ, വിജനമായ പ്രദേശങ്ങളിൽ ദീർഘനാളായി പാർക്ക് ചെയ്തിട്ടിരിക്കുന്ന വാഹനങ്ങൾ എന്നിവടങ്ങളിലാണ് ഇവർ മയക്കുമരുന്ന് ഒളിപ്പിച്ചുവയ്ക്കുന്നത്. രാത്രികാലങ്ങളിൽ സൈലൻസറുകൾ മാറ്റിയ ബൈക്കുകളിൽ വലിയ ശബ്ദമുണ്ടാക്കി പായുന്ന ബൈക്ക് റേസിംഗ് സംഘങ്ങളും ഈ ലഹരിശൃംഖലയുടെ ഭാഗമാണെന്ന് പറയുന്നു.
കോന്നി ടൗൺ, ആനക്കൂട് ഭാഗം, അടച്ചാക്കൽ, മരങ്ങാട്, പൊന്തനാക്കുഴി, ഐരവൺ, മാങ്കുളം,വട്ടക്കാവ്, കുമ്മണൂർ, എലിയറയ്ക്കൽ, വകയാർ, കൂടൽ, കലഞ്ഞൂർ പ്രദേശങ്ങളിൽ ലഹരിമാഫിയയുടെ വേരുകളുണ്ട്. ഇതിൽ ആനക്കൂട് ഭാഗത്തുള്ള ഒരു വീട് കേന്ദ്രീകരിച്ചാണ് നിലവിൽ ലഹരിമാഫിയയുടെ പ്രധാന വിതരണവും ആസൂത്രണവും നടക്കുന്നതെന്നും പറയുന്നു.
ജനകീയ കൂട്ടായ്മയ്ക്ക് ഒരുക്കം
സർക്കാർ ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചതോടെ ലഹരിവേട്ടയ്ക്കു പിന്തുണയുമായി ബഹുജന സംഘടനകളും രംഗത്തിറങ്ങണമെന്ന ആവശ്യം ഉയരുന്നുണ്ട്. പോലീസും ജനപ്രതിനിധികളും ഉൾപ്പെടുന്ന സംഘം വീടുകൾ കയറിയിറങ്ങി വിവരശേഖരണവും ബോധവത്കരണവും നടത്തണമെന്ന ആവശ്യമുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ സമിതികളും റസിഡന്റ്സ് അസോസിയേഷനുകളെ ഉൾപ്പെടുത്തി വാർഡ് തല ജാഗ്രതാ സമിതികളും രൂപീകരിക്കണം.
വിജനമായ സ്ഥലങ്ങളിലും പ്രധാന കവലകളിലും പോലീസിന്റെ രാത്രികാല പട്രോളിംഗും വാഹനപരിശോധനയും ശക്തമാക്കണം. സ്കൂളുകളിലും കോളജുകളിലും ലഹരിവിതരണം ചെയ്യുന്നവരെ കണ്ടെത്താൻ കുട്ടികൾക്കിടയിൽതന്നെ പോലീസിന് വവരങ്ങൾ കൈമാറുന്ന വിശ്വസ്തരായ രഹസ്യ ഏജന്റുമാരെ നിയോഗിക്കണം. എസ്പിസി കേഡറ്റുകൾ, എൻഎസ്എസ് വോളന്റിയർമാർ തുടങ്ങിയവരെ ഇതിനായി ഉപയോഗപ്പെടുത്താൻ തയാറാകണം.